Latest Posts
Loading...

Info Post
പാണ്ഡിത്യത്തിന്റെ ഗാംഭീര്യവും ലാളിത്യത്തിന്റെ പ്രതീകവുമായി ദീനീ പ്രബോധന മേഖലയില്‍ പതിറ്റാണ്ടുകള്‍ നിറഞ്ഞുനിന്ന ഉസ്താദ് ടി.കെ.എം ബാവ മുസ്‌ല്യാരും നമ്മെ വിട്ടു പിരിഞ്ഞിരിക്കുകയാണ്. കേരളക്കരയിലെ ഇസ്‌ലാമിക ചരിത്രത്തിന്റെ പ്രാരംഭ ദശയോട് ചേര്‍ന്നു നില്‍ക്കുന്ന കാസര്‍കോടിന്റെ ഖാസി സ്ഥാനത്ത് മുപ്പത് വര്‍ഷം ജ്വലിച്ചു നിന്ന ബാവ മുസ്‌ല്യാരുടെ വിയോഗം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്ക് വലിയ നഷ്ടമാണ്. ഞങ്ങളുടെ വന്ദ്യപിതാവ് പൂക്കോയ തങ്ങളുമായും ശേഷം സഹോദരന്‍ ശിഹാബ് തങ്ങളുമായും ബാവ മുസ്‌ല്യാര്‍ക്കുള്ള അടുപ്പം കാരണം ഞങ്ങള്‍ തമ്മിലുള്ള സൗഹൃദ ബന്ധത്തിനും ഏറെ പഴക്കമുണ്ട്. ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡിലൂടെയും അല്ലാതെയുമായി നിരന്തരം ആ ബന്ധം ഇപ്പോഴും തുടരുന്നു. കാസര്‍കോട് മാലിക് ദീനാര്‍ ഉറൂസ് പരിപാടിക്ക് എല്ലാ വര്‍ഷവും പങ്കെടുക്കാന്‍ അവസരമുണ്ടാവുക വഴി ആ ബന്ധം കൂടുതലായി. സ്‌നേഹവും വലിയ ബഹുമാനവും അദ്ദേഹത്തിന്റെ ജീവിതത്തിലുടനീളം അനുഭവിച്ചവരാണ് നേതാക്കളും അനുയായികളും. ഏതു ചെറിയ പ്രവര്‍ത്തകനോടും വാത്സല്യത്തോടെ മാത്രം പെരുമാറുന്ന ബാവ മുസ്‌ല്യാര്‍ മികച്ച സംഘാടകനും ഉത്തമ പണ്ഡിതനുമായിരുന്നു. ശൈഖുനാ കോട്ടുമല ഉസ്താദിന്റെ പരപ്പനങ്ങാടി ദര്‍സിലെ പ്രമുഖ ശിഷ്യന്‍മാരില്‍ ഒരാളായിരുന്നു. 1955 കാലഘട്ടത്തില്‍ വെല്ലൂര്‍ ബാഖിയാത്തുസ്വാലിഹാത്തില്‍ ഉപരിപഠനം നടത്തുന്ന കാലത്ത് ബാവ മുസ്‌ല്യാരും ഉസ്താദ് കെ.കെ. അബ്ദുല്ല മുസ്‌ല്യാര്‍, സി.എച്ച്. ഐദ്രൂസ് മുസ്‌ല്യാര്‍, പി. അബ്ദുല്ല മുസ്‌ല്യാര്‍ മേല്‍മുറി തുടങ്ങി പ്രമുഖ വ്യക്തികളും ചേര്‍ന്ന് രൂപപ്പെട്ട കൂട്ടായ്മ പില്‍ക്കാലത്ത് പ്രാസ്ഥാനിക രംഗത്ത് ഏറെ ഉപകാരപ്രദമായിട്ടുണ്ട്. 1976ല്‍ ചാപ്പനങ്ങാടി ബാപ്പു മുസ്‌ല്യാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന തിരൂരങ്ങാടി പ്രദേശത്തുള്ള മഹല്ലുകളുടെ സംയുക്ത സംഗമത്തില്‍ വെച്ച് രൂപീകരിച്ച സുന്നി മഹല്ല് ഫെഡറേഷന്റെ പ്രഥമ പ്രസിഡന്റായി തെരഞ്ഞെടുത്തത് ബാവ മുസ്‌ല്യാരെയായിരുന്നു. പ്രസ്തുത സംഗമം ശൈഖുനാ ശംസുല്‍ ഉലമയാണ് ഉദ്ഘാടനം ചെയ്തത്. എസ്.എം.എഫ് പ്രവര്‍ത്തനം ഇന്നു മഹല്ലു തലങ്ങളിലും പഞ്ചായത്ത് മേഖലാ, ജില്ലാ കമ്മിറ്റി തലത്തിലും സമസ്ത ജനറല്‍ സെക്രട്ടറി പ്രസിഡന്റും ഈ ലേഖകന്‍ ജനറല്‍ സെക്രട്ടറിയുമായ സംസ്ഥാന തലത്തിലും ശാസ്ത്രീയ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ തന്നെ തുടക്ക കാലത്ത് പ്രഥമ പ്രസിഡന്റ് പദവി അലങ്കരിച്ച ബാവ മുസ്‌ല്യാരുടെ സേവനങ്ങളെ വിസ്മരിക്കാനാവില്ല. ഈയിടെ പുതിയ വീട് നിര്‍മിച്ച സമയത്ത് പ്രത്യേകം വരണമെന്ന് പറഞ്ഞ് എന്നെ ക്ഷണിച്ചിരുന്നു. കാസര്‍കോട് തളങ്കരയിലെ മാലിക് ദീനാര്‍ ഉറൂസിലും വിദ്യാഭ്യാസ ബോര്‍ഡ് യോഗത്തിലും കാസര്‍കോട് ഭാഗത്ത് നടക്കുന്ന പല പരിപാടികളിലുമൊക്കെ ഈയടുത്ത് കൂടുതല്‍ തവണ ഞങ്ങള്‍ ഒന്നിച്ചുണ്ടായിരുന്നു. സമസ്തയെയും പോഷകഘടകങ്ങളെയും വളരെയധികം ശക്തിപ്പെടുത്താന്‍ ആരോഗ്യം മോശമായ സമയത്തുപോലും അദ്ദേഹം കഠിനാധ്വാനം ചെയ്തു. സമസ്ത നേതാക്കളില്‍ ഏറെ പഴക്കവും പ്രായവുമുള്ള അദ്ദേഹത്തിന്റെ വിയോഗം വലിയ നഷ്ടമാണ്. 2014ല്‍ കാസര്‍കോട് നടക്കുന്ന എസ്.വൈ.എസ് അറുപതാം വാര്‍ഷിക സമ്മേളനത്തെ വലിയ താല്‍പര്യപൂര്‍വമായിരുന്നു അദ്ദേഹം കണ്ടിരുന്നത്. സമ്മേളനത്തിന് മുമ്പു തന്നെ അല്ലാഹു അദ്ദേഹത്തെ തിരിച്ചു വിളിച്ചു. പരലോകത്ത് അദ്ദേഹത്തിന് ഉന്നത പദവി നല്‍കട്ടെ. മഗ്ഫിറത്തും മര്‍ഹമത്തും നല്‍കട്ടെ.

അനുസ്മരണങ്ങള്‍ :

സഹപ്രവര്‍ത്തകന്റെ നഷ്ടം : സി.കേയക്കുട്ടി മുസ്‌ലിയാര്‍ 
ചേളാരി എന്റെ കൂടെപ്പിറപ്പ് പോലെ ഒന്നിച്ച് പതിറ്റാണ്ടുകള്‍ സമസ്തയുടെ സംഘടനാ തലങ്ങളില്‍ പ്രവര്‍ത്തിച്ചു വന്ന ബാവ മുസ്‌ലിയാരുടെ മരണം ഏറെ വേദനാ ജനകമാണെന്ന് സമസ്ത പ്രസിഡണ്ട് സി.കോയക്കുട്ടി മുസ്‌ലിയാര്‍ പറഞ്ഞു.

നിസ്വാര്‍ത്ഥതയുടെ പ്രതീകം : ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍
കളങ്കമില്ലാത്ത സേവനവുംനേതൃത്വവും നല്‍കി സമുദായത്തിന് മഹത്തായ നേതൃത്വം നല്‍കിയ ബാവ മുസ്‌ലിയാരുടെ വിയോഗം വര്‍ത്തമാന കാലത്ത് ഏറെ നഷ്ടമാണ് വരുത്തിവെച്ചതെന്ന് ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ പ്രസ്താവിച്ചു.

അത്താണി നഷ്ടമായി : പ്രൊ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ സര്‍വ്വ സ്വീകാര്യനായ ഒരത്താണിയായിരുന്നു ബാവ മുസ്‌ലിയാര്‍ പ്രശ്‌ന സങ്കീര്‍ണ കാലഘട്ടങ്ങളില്‍ സമസ്തക്ക് മഹത്തായ നേതൃത്വം നല്‍കിയ ബാവ മുസ്‌ലിയാരെ ചരിത്രമെന്നും നന്ദിയോടെ ഓര്‍ക്കുമെന്ന് എസ്.വൈ.എസ്സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ പറഞ്ഞു.

വിദ്യാഭ്യാസ വിചക്ഷകനായ നേതാവ് : കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍
കാല്‍നൂറ്റാണ്ടിന്റെ വിദ്യാഭ്യാസ ബോര്‍ഡിന്റെ മഹാവിപ്ലവം അവിസ്മരണീയമാണ്നിരവധി പരിഷ്‌കരണങ്ങളും മാറ്റങ്ങളും ഉണ്ടായി കാലിക സമൂഹവുമായി ബന്ധിപ്പിച്ചു വിദ്യാഭ്യാസ വിചക്ഷണനായിരുന്നു ബാവ മുസ്‌ലിയാരെന്ന് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി കോട്ടുമല ടി.എംബാപ്പു മുസ്‌ലിയാര്‍ പ്രസ്താവിച്ചു.

ഒരു പക്വമതിയായ കാരണവരുടെ നഷ്ടം : പി.കെ.പി.അബ്ദുസ്സലാം മുസ്‌ലിയാര്‍
എടുത്തുചാട്ടമോഅമിതാവേശമോ കാണിക്കാതെ സംഘടനയേയുംസമുദായത്തെയും പക്വമായി നയിക്കാന്‍ കഴിഞ്ഞിരുന്ന അത്യപൂര്‍വ്വ നേതൃത്വമായിരുന്ന ബാവ മുസ്‌ലിയാരെന്ന് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി പി.കെ.പിഅബ്ദുസ്സലാം മുസ്‌ലിയാര്‍ പറഞ്ഞു.

മുഅല്ലിം സമൂഹത്തെ സ്‌നേഹിച്ച നേതാവ് : സി.കെ.എം.സ്വാദിഖ് മുസ്‌ലിയാര്‍
മുഅല്ലിം സമൂഹത്തോട് കരുണയും സ്‌നേഹവും കാണിക്കുകയും അവരുടെ സേവനം വിലമതിക്കുകയും ചെയ്തിരുന്ന നേതാവായിരുന്നു ബാവ മുസ്‌ലിയാരെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡണ്ട് സി.കെ.എം.സ്വാദിഖ് മുസ്‌ലിയാര്‍ അനുസ്മരിച്ചു.

വഴികാട്ടിയായ നേതാവ് : പിണങ്ങോട് അബൂബക്കര്‍
ചേളാരി വിദ്യാഭ്യാസ ബോര്‍ഡ് ഓഫീസിലെ സേവകരോട് സ്വന്തം സന്താനങ്ങളോടെന്ന പോലെ പെരുമാറുകയും സ്‌നേഹിക്കുകയും ചെയ്തിരുന്ന ബാവ മുസ്‌ലിയാരുടെ ആകസ്മിക അന്ത്യം ഏറെ ദുഖഃകരമാണ്ഓഫീസിലെ മുഴുവന്‍ പ്രവര്‍ത്തനങ്ങളെയും നിരീക്ഷിക്കുകയുംനിയന്ത്രിക്കുകയും,ജീവനക്കാരുടെ ക്ഷേമ കാര്യങ്ങളില്‍ പ്രത്യേക താല്‍പര്യം കാണിക്കുകയും ചെയ്തു വന്നിരുന്ന ബാവ മുസ്‌ലിയാരുടെ മരണം എറെ പ്രയാസപ്പെടുത്തുന്നതായി സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ പിണങ്ങോട് അബൂബക്കര്‍ പറഞ്ഞു
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറി ഡോ:ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി,കുമരം പുത്തൂര്‍ എ.പി.മുഹമ്മദ് മുസ്‌ലിയാര്‍സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍കെ.എം.അബ്ദുല്ല മാസ്റ്റര്‍അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്അബ്ദുസ്സമദ് പൂക്കോട്ടൂര്‍ എന്നിവരും അനുസ്മരിച്ചു

( കടപ്പാട് :  www.skssf.tk )