Latest Posts
Loading...

Info Post
പാണ്ഡിത്യ ലോകത്തെ നിലാവു മാഞ്ഞു...
  ശൈഖുനായെ ഖബറടക്കി; അന്ത്യവിശ്രമം കോട്ടൂമല ഉസ്താദിന്റെ മഖ്ബറയോട് ചേര്ന്ന്. ഖബറടക്കത്തിന് സമസ്തയുടെ പണ്ഡിതന്മാരും നേതാക്കളും സന്നിഹിതരായിരുന്നു.  കടലുണ്ടി പുഴയോരത്ത് അറിവിന്റെ തെളിനീരുറവ പ്രസരിപ്പിച്ച മഹാപണ്ഡിതനായിരുന്നു റഈസുല്‍ ഉലമ എന്ന സ്ഥാനപ്പേരിലൂടെ പ്രസിദ്ധനായ കാളമ്പാടി ഉസ്താദ്. കേരള മുസ്‌ലിം കളുടെ ആധികാരിക പണ്ഡിതസഭയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ അധ്യക്ഷ നായിരുന്ന കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍ സാത്വികജീവിതത്തിലൂടെ ആത്മീയ വിജ്ഞാന വേദികളില്‍ എന്നും നിറസാന്നിധ്യമായിരുന്നു. മലപ്പുറം എം.എസ്.പി ക്കു സമീപം രണ്ടു കിലോമീറ്റര്‍ അകലെ കടലുണ്ടി പുഴയോരത്തെ കാളമ്പാടിയില്‍ അരീക്കത്ത് അബ്ദുര്‍ഹ്മാന്‍ ഹാജി- തറയില്‍ ആഇശ ഹജ്ജുമ്മ ദമ്പതികളുടെ പതിനൊന്ന് മക്കളില്‍ മൂത്ത മകനാണ് കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍. മലപ്പുറം കുന്നുമ്മല്‍ സ്‌കൂളിലായിരുന്നു ഭൗതികപഠനം. മതപഠനം തുടങ്ങിയതും അവിടെയായിരുന്നുവെന്ന് ഉസ്താദ് ഒരിക്കല്‍ പറഞ്ഞതായി ഓര്‍ക്കുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് മതപഠനത്തിന് എതിര്‍പ്പില്ലായിരുന്നു. അതിനാല്‍ സ്‌കൂളുകളില്‍ മതപഠനവും കൂടി ഉണ്ടായിരുന്നു. പിന്നെ പള്ളിദര്‍സുകളില്‍ നിന്ന് മതവിജ്ഞാനം കരസ്ഥമാക്കി.



കൂട്ടിലങ്ങാടിയില്‍ മൂന്നുവര്‍ഷവും പഴമള്ളൂരില്‍ അഞ്ചുവര്‍ഷവും പരപ്പനങ്ങാടി പനയമ്പത്ത് പള്ളി, എടരിക്കോട് ക്ലാരയില്‍ പള്ളി ദര്‍സുകളില്‍ പഠനം നടത്തിയ ശേഷം വെല്ലൂര്‍ ബാഖിയാത്തുസ്സ്വാലിഹാത്ത് അറബിക്കോളേജില്‍ മൂന്നുവര്‍ഷം പഠിച്ച് രണ്ടാംറാങ്കോടെ ബിരുദം കരസ്ഥമാക്കിയ മഹാപണ്ഡിതനായിരുന്നു ഉസ്താദ്. തുടര്‍ന്ന് അധ്യാപകജീവിതം ആരംഭിച്ചു. അരീക്കോട് ജുമാമസ്ജിദിലായിരുന്നു പ്രഥമ ദര്‍സിന്റെ സമാരംഭം. നീണ്ട പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം തൊട്ടടുത്ത മൈത്രയിലും പിന്നീട് മുണ്ടക്കുളം, കാച്ചിനിക്കാട്, മുണ്ടംപറമ്പ്, മഞ്ചേരി,നെല്ലിക്കുത്ത് തുടങ്ങിയ സ്ഥലങ്ങളിലും മതവിദ്യാര്‍ത്ഥികള്‍ക്കു വിജ്ഞാനത്തിന്റെ മധുരം പകര്‍ന്നു. പിന്നീട് പട്ടിക്കാട് ജാമിഅഃനൂരിയ്യഃ അറബിക് കോളേജില്‍ അധ്യാപകനായി. 
മതവിജ്ഞാനങ്ങള്‍ ക്ലാസെടുക്കുന്നതിനു പുറമേ, സമൂഹത്തിന്റെയും സമുദായത്തിന്റെയും പ്രശ്‌നങ്ങളില്‍ പരിഹാരത്തിനായി സംസാരിക്കാനും ഉസ്താദ് സമയം കണ്ടെത്തി. വാര്‍ദ്ധക്യസഹജമായ രോഗങ്ങള്‍ ശരീരത്തെ ബുദ്ധിമുട്ടിക്കുന്നതു വരെ റമളാന്‍ മാസങ്ങളിലും അല്ലാത്തപ്പോഴും പ്രഭാഷണങ്ങള്‍ക്കു വേണ്ടി കേരളത്തിന്റെ മുക്കുമൂലകളില്‍ വരെ ഭണിക്കപ്പെട്ട പ്രഭാഷകനായിരുന്നു കാളമ്പാടി ഉസ്താദ്. ഇസ്‌ലാമിക കര്‍മശാസ്ത്രളായിരുന്നു പ്രധാനമായും പ്രഭാഷണ വിഷയങ്ങള്‍. ഒരാള്‍ തന്നെ ആഴ്ചകള്‍ നീളുന്ന പ്രഭാഷണം നടത്തുന്ന രീതി നിലവിലുണ്ടായിരുന്ന കാലത്ത് അക്ഷീണം ഇസ്‌ലാമിക പ്രബോധനം നടത്തിയ പ്രമുഖരിലൊരാളാണ് ഉസ്താദ്. സുന്നി ആദര്‍ശ പ്രചാരണ പരവര്‍ത്തന വീഥിയില്‍ നിറസാന്നിധ്യമായിരുന്നു നിഷ്‌കളങ്കനും സാത്വികനുമായിരുന്ന കാളമ്പാടി ഉസ്താദ്. പൂര്‍വികരില്‍ നിന്നു പകര്‍ന്നുകിട്ടിയ ആശയാദര്‍ശങ്ങളില്‍ നിന്ന് ഒരണുമണി തൂക്കം വ്യതിചലിക്കാന്‍ തയ്യാറാവാതെ സംഘടനാപ്രവര്‍ത്തനവീഥിയില്‍ സജീവമാവണമെന്ന് പലപ്പോഴും പ്രവര്‍ത്തകരോട് ഉസ്താദ് ആഹ്വാനം ചെയ്യുമായിരുന്നു. സമൂഹത്തില്‍ ഇയ്യിടെ മുളപൊട്ടിയ വ്യാജ ത്വരീഖത്തുകള്‍ക്കെതിരെ പേജിലും സ്റ്റേജിലും ശക്തമായി ശബ്ദിച്ച് സമസ്തയുടെ സന്ദേശം ജനങ്ങളിലേക്കെത്തിക്കാന്‍ ബദ്ധശ്രദ്ധരാവണം നാമെന്നു ജനങ്ങളോടാഹ്വാനം ചെയ്തത് ജനം ശിരസ്സാവഹിച്ചു. തത്ഫലമായി വ്യാജത്വരീഖത്തുകള്‍ നാമാവശേഷമായി. 
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയില്‍ ഇളംപ്രായത്തിലേ അംഗമായി. ജാമിഅഃനൂരിയ്യഃ കോളേജിലെ അധ്യാപകനാവും വരെ മാനേജിംഗ് കമ്മിറ്റി, പരീക്ഷാബോര്‍ഡ് എന്നിവയിലും ഉസ്താദ് അംഗമായിരുന്നു. സമസ്ത ഫത്‌വാ കമ്മിറ്റി അംഗം, വിദ്യാഭ്യാസ ബോര്‍ഡ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
നാഥന്‍ അദ്ദേഹത്തോടൊപ്പം നമ്മെയും അവന്റെ സ്വര്‍ഗത്തില്‍ ഒരുമിച്ചുകൂടട്ടെ... ആമീന്‍